സാന്ത്വനമേകാൻ കൈകോർക്കാം
ജനകീയ ധനസമാഹരണം.2026
ബേപ്പൂർ മണ്ഡലം ഡവലപ്പ്മെൻ്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് ആന്റ് മെഡിക്കൽ സെന്റർ, നല്ലളം. ബേപ്പൂർ, ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര, ചെറുവണ്ണൂർ - നല്ലളം, ഒളവണ്ണ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്ന ബേപ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ ഏറ്റവും നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യം നൽകി കൊണ്ട് 2010 ലാണ് ബേപ്പൂർ മണ്ഡലം ഡവലപ്പ്മെൻ്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം തുടങ്ങിയത്. ബേപ്പൂർ ഫെസ്റ്റ് നടത്തിയതിൽ മിച്ചം വന്ന തുക ഉപയോഗിച്ച് 3 ഡയാലിസിസ് മെഷീനുകൾ വാങ്ങി അത് ഫറോക്ക് റെഡ് ക്രസൻ്റ് ആശുപത്രിയിൽ സ്ഥാപിച്ചാണ് സൗജന്യ ഡയാലിസിസ് നൽകി തുടങ്ങിയത്. പ്രദേശത്തെ 8 കിഡ്ന രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകികൊണ്ടാണ് ആരംഭിച്ചത്. തുടക്കത്തിൽ അത്രയും രോഗികളെ ഉണ്ടായിരുന്നുള്ളു. പിന്നീട് ആവശ്യക്കാരായ രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ മെഷീനുകൾ സംഭാവനയായി ലഭ്യമാക്കി . വീണ്ടും രോഗികൾ വർദ്ധിച്ചു കൊണ്ടിരുന്നു. . പിന്നീട് വി കെ സി മമ്മത്കോയ, എം ഖാലിദ് (ഹാപ്പി) എന്നിവർ നല്ലളത്ത് സൗജന്യമായി വിട്ടു നൽകിയ 43 സെൻ്റ് സ്ഥലത്ത്, ഏതാണ്ട് 6 കോടി രൂപയോളം ചെലവഴിച്ച് സ്വന്തമായി 5 നില കെട്ടിടം നിർമ്മിച്ച് 2019 മുതൽ ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനം വിപുലീകരിച്ചു. ഇന്ന് പ്രവർത്തന പരിധിയിലെ 100 വൃക്ക രോഗികൾക്കായി ഒരു മാസം 1300 സൗജന്യ ഡയാലിസിസുകൾ ഇവിടെ നിന്നും ചെയ്തുകൊടുക്കുന്നുണ്ട്. നാളിതുവരെയായി 1,10,000 (ഒരു ലക്ഷത്തി പതിനായിരം) സൗജന്യ ഡയാലിസിസുകൾ ഇവിടെനിന്നും നൽകി കഴിഞ്ഞു. ഇതിനായി പരിചയസമ്പന്നരായ 32 ജീവനക്കാർ വിദഗ്ദരായ നെഫ്രോളജി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ജോലി ചെയ്യുന്നു. ഈ സംരംഭം പ്രവർത്തനം തുടങ്ങുമ്പോൾ പ്രദേശത്ത് വളരെ കുറച്ച് വൃക്കരോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് വൃക്കരോഗികളുടെ എണ്ണം നമ്മുടെ പ്രദേശത്ത് ഭയാനകമായി വർദ്ധിച്ചു. ഇവിടെതന്നെ 100 രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നു. 85 അപേക്ഷകർ പുതിയതായി രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടാതെ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ വേറെയും ഡയാലിസിസ് സെൻ്ററുകൾ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട്. അനുദിനം വർദ്ധിച്ചു വരുന്ന കിഡ്‌നി രോഗികളെ കുറിച്ച് പ്രദേശത്തെ ജനങ്ങളെ ബോധവൽക്കാനുള്ള പ്രചരണ പ്രവർത്തനങ്ങളും ക്ളാസ്സുകളും പ്രദേശത്താകെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം വൃക്കരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനുള്ള മെഡിക്കൽ ക്യാമ്പുകളും സൗജന്യമായി ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്നു. ഇതു കൂടാതെ നിർദ്ധനരായ 200 രോഗികൾക്ക് സൗജന്യമായി 500 രൂപയുടെ മരുന്നും ഓരോ മാസവും ഈ സ്ഥാ പനത്തിൽനിന്നും വിതരണം ചെയ്യുന്നുണ്ട്. കുറഞ്ഞ നിരക്കിൽ എല്ലാവിധ ടെസ്റ്റുകളും ചെയ്യുന്ന ഏറ്റവും ആധുനികമായ ഒരു ക്ളിനിക്കൽ ലാബോറട്ടറി, ചെറിയ മാർജിനിൽ മരുന്നുകൾ ലഭിക്കുന്ന ഫാർമസി, വിദഗ്ദ ഡോക്ടർമാരുടെ ഒ പി പരിശോധന എന്നിവയും ഡയാലിസിസ് സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. ട്രസ്റ്റിന്റെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ഫണ്ട് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ നടത്തി വരുന്ന സാന്ത്വനമേകാൻ കൈകോർക്കാം എന്ന പദ്ധതിയിലൂടെ സമാഹരിക്കുകയാണ് ചെയ്യുന്നത്. പദ്ധതിയുടെ ഒമ്പതാം ഘട്ടം 2026 ഏപ്രിൽ 26 മുതൽ മേയ് 3 വരെയുള്ള തിച്ചതികളിൽ നടക്കുകയാണ്.